മരണം നിശബ്ദത ആണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതോടടുക്കുംതോറും ഒരു ബഹളം അയി തോന്നുന്നു. ശബ്ദകോലാഹലം. ആത്മാവിന്റെ കലഹവും ഗേഹത്തിന്റെ വിരഹവും ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ളൊരു ബഹളം.കണ്ണടയ്ക്കുമ്പോൾ നിങ്ങളെ ചുറ്റിപറ്റി എല്ലാവരും കലഹിക്കുകയാണ്: ചിലർ സമ്പത്തിനെ ചൊല്ലി, ചിലർ ശരീരത്തിന്, ചിലർ മാംസത്തിന്, ചിലർ നിങ്ങളിലെ പ്രേക്ഷകനു വേണ്ടി. അൽപം പഴംചോറും ഉപ്പും പുളിയും മുളകും കൊതിക്കുന്ന ആത്മാവ് അവിടെ മൃത്യു വരിക്കുന്നു, നിങ്ങളെ ഇല്ലാതെ ആക്കിയ ആ കലഹങ്ങളുടെ നടുവിൽ നിങ്ങളുടെ ആത്മാവിന്റെ ശവം മണ്ണോടലിയുന്നു. നിങ്ങൾക്കുമേലുള്ള അവകാശങ്ങൾ മാത്രം വേണ്ടുള്ള , നിങ്ങളെ വേണ്ടാത്ത നിങ്ങളുടെ ജനത നിങ്ങളുടെ ആത്മാവിന്റെ ശവക്കല്ലറ പിഴുതെറിയുന്നു. ഇതോ മരണം? എന്ത് നിശ്ശബ്ദതയെക്കുറിച്ചാണ് നിങ്ങൾ ഈ സംസാരിക്കുന്നതു? ഒരു “സാധാരണക്കാരനു” നിരക്കാത്ത ഒന്നിനെക്കുറിച്ച് , അല്ലെ?